“എന്റെ പ്രിയപ്പെട്ട അർജന്റീനയ്ക്ക്,

വാക്കുകൾ കണ്ടെത്താൻ ഞാൻ ഏറെ പ്രയാസപ്പെടുകയാണ്. എന്റെ ജീവിതത്തിന്റെ നല്ലൊരു പങ്കും ഞാൻ ജീവിച്ചത് ഈ വെള്ളയും നീലയും വരകളുള്ള ജേഴ്സിക്ക് വേണ്ടിയാണ്. ഓരോ തവണ ആ കുപ്പായമണിഞ്ഞ് കളത്തിലിറങ്ങുമ്പോഴും, ലക്ഷക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങളും ഹൃദയമിടിപ്പുകളുമാണ് എന്റെ നെഞ്ചിലുണ്ടായിരുന്നത്.

നമ്മൾ ഒരുമിച്ച് കണ്ണീർ കുടിച്ചു, വീഴ്ചകളിൽ തളർന്നു, ഒടുവിൽ സ്വപ്നം കണ്ടതിനേക്കാളൊക്കെ ഉയരത്തിൽ ലോകത്തിന്റെ നെറുകയിൽ വിജയക്കൊടി പാറിച്ചു. അർജന്റീനയ്ക്ക് വേണ്ടി നേടിയ ഓരോ വിജയവും എന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹമാണ്.

പക്ഷേ, ഇപ്പോൾ ഈ ജേഴ്സി അഴിച്ചുവെക്കാനും അടുത്ത തലമുറയിലേക്ക് ഈ ദൗത്യം കൈമാറാനുമുള്ള സമയമായിരിക്കുന്നു. ഈ തീരുമാനം എന്റെ ഹൃദയത്തെ അത്രമേൽ വേദനിപ്പിക്കുന്നുണ്ട്; എന്നിരുന്നാലും ഇതാണ് ശരിയായ വഴി എന്ന് ഞാൻ തിരിച്ചറിയുന്നു.

എന്റെ യാത്രയിൽ ഒപ്പം നിന്ന സഹതാരങ്ങൾക്കും, കുടുംബത്തിനും, എല്ലാറ്റിലുമുപരി ഞങ്ങളെ നെഞ്ചിലേറ്റിയ ഓരോ അർജന്റീനിയൻ ആരാധകനും എന്റെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി. ഞാൻ എവിടെയായിരുന്നാലും, എന്റെ ശ്വാസം നിലയ്ക്കുന്നതുവരെ ഞാനും നിങ്ങളിലൊരാളായി, നമ്മുടെ രാജ്യത്തിനായി ആർത്തുവിളിച്ചുകൊണ്ടിരിക്കും.

സ്നേഹത്തോടെ,

ലയണൽ”

അന്താരാഷ്ട്ര ഫുട്ബോൾ കരിയറിന് വിരാമം കുറിച്ചുകൊണ്ട് സോഷ്യൽ മീഡിയയിൽ ലയണൽ മെസ്സി എഴുതിയത് ഇങ്ങനെയാണ്.

ഹിസ്റ്ററി ടെക്സ്റ്റ് ബുക്കുകളിൽ ശിലായുഗം, വെങ്കലയുഗം, ഇരുമ്പുയുഗം എന്നിങ്ങനെ പല കാലങ്ങൾ നമ്മൾ പഠിക്കുന്നുണ്ട്. എല്ലാം ആയിരക്കണക്കിന് വർഷങ്ങൾ നീണ്ടു നിന്നത്. പക്ഷേ വെറും 20 വർഷങ്ങൾ നീണ്ടു നിന്ന ഒരു സുവർണയുഗം നമ്മുടെ ജീവിതപുസ്തകത്തിലുണ്ട്- മെസ്സി യുഗം! ഹ്രസ്വമെങ്കിലും അത്രമേൽ തീവ്രമായ ഒരു കാലം നമുക്കുണ്ടായിട്ടുണ്ടോ? അതീവനൈരാശ്യം മുതൽ അതിരറ്റ ഉന്മാദം വരെ മനുഷ്യജീവിതത്തിൽ പ്രാപ്യമായ വികാരങ്ങളെല്ലാം ഈ രണ്ടു പതിറ്റാണ്ടു കൊണ്ട് തന്റെ ആരാധകർക്ക് അനുഭവഭേദ്യമാക്കി എന്നതാണ് മെസ്സിയെ മറ്റു കളിക്കാർക്കിടയിൽ വേറിട്ടു നിർത്തുന്നത്. 

ഒരാൾ കടന്നു പോയ സംഭവങ്ങളല്ല, ആ സംഭവങ്ങളെ അയാൾ എങ്ങനെ ഓർക്കുന്നു എന്നതാണ് ജീവിതം എന്ന് ഗബ്രിയേൽ ഗാർസ്യ മാർക്വേസ് പറഞ്ഞിട്ടുണ്ട്. അങ്ങനെയെങ്കിൽ മെസ്സിയുടെ കരിയർ നമ്മുടെ ബാല്യ-കൗമാര-യൗവന ജീവിതകഥ കൂടിയാണ്. ആമയും മുയലും പോലെയോ ആലീസ് ഇൻ വണ്ടർലാൻഡ് പോലെയോ നമുക്കു ചിരപരിചിതമാണ് വളർച്ചാ ഹോർമോൺ പോരായ്മയുള്ള ഒരു കുട്ടി അർജന്റീനയിൽ നിന്ന് സ്പെയിനിലെത്തിയ കഥ. ഒരു ക്രയോൺ ബോക്സു പോലെ നിറപ്പകിട്ടാർന്ന ജീവിതപ്രതീക്ഷകളാണ് ബാർസയുടെ നീലയും മറൂണും കലർന്ന ജഴ്സിയിൽ മെസ്സി നമുക്കു സമ്മാനിച്ചത്. കൗമാരത്തിലെ ആദ്യ പ്രണയനഷ്ടത്തിന്റെ നൊമ്പരമാണ് 2014 ലോകകപ്പ് ഫൈനലിനു പിന്നാലെ മെസ്സി ലോകകിരീടത്തെ ഉറ്റുനോക്കിയപ്പോൾ നമ്മൾ അനുഭവിച്ചത്. മെസ്സിയുടെ അകാല വിരമിക്കൽ പോലെ പിന്നീട് പൂജ്യത്തിൽ നിന്നാണ് നമ്മൾ ജീവിതം തുടങ്ങിയത്. ഒടുവിൽ കടിഞ്ഞൂൽ കുഞ്ഞിനെ സ്പർശിച്ചപ്പോഴുള്ള ആനന്ദമാണ് മെസ്സി ഖത്തറിൽ ലോകകിരീടം കയ്യിലെടുത്തപ്പോൾ നമ്മൾ അനുഭവിച്ചത്! 

ഇക്കാലളവിൽ മെസ്സി നമുക്കു മാത്രമല്ല, നമുക്കു വേണ്ടപ്പെട്ടവർക്കും പ്രിയപ്പെട്ടവനായി. വൈകുന്നേരങ്ങളിൽ പാടത്തെ ചെളി പുരണ്ടു വന്ന ആ 10-ാം നമ്പർ ജഴ്സിയിലൂടെ എത്ര അമ്മമാരായിരിക്കും മെസ്സിയെ പരിചയപ്പെട്ടിട്ടുണ്ടാവുക. തങ്ങളുടെ മക്കൾക്കു പ്രിയപ്പെട്ടവനാണ് എന്നതു കൊണ്ടു മാത്രം എത്ര നേർച്ചകളാണ് അവർ മെസ്സിയുടെ വിജയത്തിനു വേണ്ടി നേർന്നിട്ടുണ്ടാവുക. ഒരു കുടുംബസന്ദർശനത്തിൽ സംഭവിക്കുന്ന പോലെ മെസ്സിയുടെ പ്രിയപ്പെട്ടവർ നമുക്കും പ്രിയപ്പെട്ടവരായി. അന്റോനെല്ല റോകുസോ എന്ന അർജന്റീനക്കാരി പെൺകുട്ടി നമുക്ക് അർധ സഹോദരിയെപ്പോലെയായി. അവരുടെ മക്കളായ തിയാഗോയും മാറ്റിയോയും സിറോയും അയൽപ്പക്കത്തെ കുസൃതിക്കുടുക്കകളായി. റൊസാരിയോ എന്നത് അഞ്ചു മിനിറ്റ് അകലെയുള്ള പട്ടണം പോലെ ചിരപരിചിതമായി. 

അന്തരീക്ഷ വായുവിനെപ്പോലെ ഭൂമിയിലെ സർവവ്യാപിയാണ് ഈ അർജന്റീനക്കാരൻ എന്നു പറയുന്നത് അതിശയോക്തിയല്ല. ഗാസയിലെ അഭയാർഥി ക്യാംപുകളിലും ന്യൂയോർക്കിലെ അംബരചുംബികളിലും ആഫ്രിക്കയിലെ തെരുവുകളിലും മലപ്പുറത്തെ അങ്ങാടികളിലും അയാൾക്കു സ്വന്തക്കാരുണ്ട്. ലോകത്തേതൊരു വീടിന്റെ മുറ്റത്തേക്കു കടന്നു ചെന്നാലും അദ്ഭുതത്തള്ളിച്ചയുള്ള കണ്ണുകൾ അയാളെ സ്വാഗതം ചെയ്യും. കാരണം അഡിഡാസിന്റെയോ നൈക്കിയുടെയോ പന്തുകൾ മാത്രമല്ല അയാൾ ഇത്രകാലം ഓമനത്തത്തോടെ പരിചരിച്ചത്. ഭൂമി എന്ന വലിയ പന്തിനെ കൂടിയാണ്. അർജന്റീനയുടെ ആകാശനീലിമയിൽ നിന്നു മാത്രമേ വിട പറയുന്നുള്ളൂ. ആരാധനയുടെ ആകാശത്ത് സൂര്യൻ ഒരിക്കലും അസ്തമിക്കുന്നില്ല!

Leave a Reply

Your email address will not be published. Required fields are marked *