ഒരേയൊരു കാൽപന്ത് ദൈവം

Thumbnail Image

1950 ജൂലൈ 16. ലോക ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തമായ ‘മാരക്കാനാസോ’ അരങ്ങേറിയ ദിവസം. സ്വന്തം മണ്ണിൽ ഉറുഗ്വേയോട് തോറ്റ് ബ്രസീലിന് ലോകകപ്പ് നഷ്ടപ്പെട്ട നിമിഷം.

റേഡിയോയ്ക്ക് മുന്നിലിരുന്ന് സ്വന്തം അച്ഛൻ ദോണ്ടിഞ്ഞോ പൊട്ടിക്കരയുന്നത് കണ്ട ഒമ്പത് വയസ്സുകാരൻ അച്ഛന്റെ കണ്ണുനീരൊപ്പി ഒരു വാക്ക് പറഞ്ഞു: “കരയരുത് അച്ഛാ… ഒരു ദിവസം ഞാൻ ബ്രസീലിനായി ലോകകപ്പ് നേടിത്തരും!”


ചരിത്രം കുറിച്ച തുടക്കം

എഡ്സൺ അരാന്റസ് ഡോ നാസിമെന്റോയെന്ന് പൂർണനാമവും പെലെ എന്ന് ചെല്ലപ്പേരുമുള്ള ആ ഒമ്പതു വയസ്സുകാരന്റെ പ്രഖ്യാപനം പിന്നീട് ചരിത്രമായി. ആ കൊച്ചുകുട്ടിയുടെ ദൃഢനിശ്ചയമാണ് പിന്നീട് ലോക ഫുട്ബോളിന്റെ ചരിത്രം തന്നെ മാറ്റിയെഴുതിയത്. ദാരിദ്ര്യത്തിന്റെ പട്ടിണിപ്പാതകളിൽ നിന്ന് സാന്റോസ് ക്ലബ്ബിലൂടെ പന്തുതട്ടി ലോകവേദിയിലേക്ക് പെലെ കുതിച്ചുയർന്നു. 1958-ൽ സ്വീഡനിൽ ലോകകപ്പ് അരങ്ങേറ്റം കുറിക്കുമ്പോൾ പ്രായം വെറും 17 വയസ്സ്. ക്വാർട്ടർ ഫൈനലിൽ വെയ്ൽസിനെതിരെ നിർണായക ഗോൾ, സെമിയിൽ ഫ്രാൻസിനെതിരെ തകർപ്പൻ ഹാട്രിക്, ഒടുവിൽ ഫൈനലിൽ ആതിഥേയരായ സ്വീഡന്റെ നെഞ്ചുപിളർത്തിയ മാന്ത്രിക ഗോളുകൾ. അച്ഛന് കൊടുത്ത വാക്ക് ആ പതിനേഴുകാരൻ അക്ഷരംപ്രതി പാലിച്ചു; ബ്രസീൽ ആദ്യമായി ലോകകിരീടത്തിൽ മുത്തമിട്ടു.

ഫുട്ബോളിനെ കലയാക്കിയ മാന്ത്രികൻ

ഇന്ന് നാം ആധുനിക ഫുട്ബോളിൽ കാണുന്ന സകല മാന്ത്രിക വിദ്യകളും അരനൂറ്റാണ്ട് മുമ്പ് തന്നെ പെലെ മൈതാനത്ത് പരീക്ഷിച്ചു വിജയിപ്പിച്ചിരുന്നു. പന്ത് തൊടാതെ ശരീരത്തിന്റെ ചലനം കൊണ്ട് മാത്രം ഗോൾകീപ്പറെ കബളിപ്പിച്ച ‘പെലെ റൺ-എറൗണ്ട് മൂവ്’, അസാധ്യമായ ബൈസിക്കിൾ കിക്കുകൾ, ഇരു കാലുകൾ കൊണ്ടുമുള്ള കൃത്യമായ ഷോട്ടുകൾ, അന്തരീക്ഷത്തിൽ ഉയർന്നുനിന്നുകൊണ്ടുള്ള ഹെഡ്ഡറുകൾ, എതിരാളികളെ കാഴ്ചക്കാരാക്കുന്ന വേഗതയും കരുത്തും. പ്രതിരോധ നിരകൾക്ക് പെലെ ഒരു പേടിസ്വപ്നമായി മാറി.

1962-ലും തുടർന്ന് ഫുട്ബോൾ ചരിത്രത്തിലെ ഏറ്റവും മികച്ച ടീം എന്ന് വിശേഷിപ്പിക്കപ്പെടുന്ന 1970-ലെ മെക്സിക്കോ ലോകകപ്പിലും പെലെ ബ്രസീലിനെ ലോകത്തിന്റെ നെറുകയിലെത്തിച്ചു. ചരിത്രത്തിൽ 3 ലോകകപ്പുകൾ സ്വന്തമാക്കിയ ഒരേയൊരു താരം എന്ന റെക്കോർഡ് ഇന്നും പെലെയുടെ പേരിൽ മാത്രമാണ് ഭദ്രം. കരിയറിലാകെ 1200-ലധികം ഗോളുകൾ, ആയിരത്തിലധികം അസിസ്റ്റുകൾ, ഫിഫയുടെ നൂറ്റാണ്ടിന്റെ താരം എന്ന ബഹുമതി. അവൻ ഫുട്ബോളിനെ വെറുമൊരു കളിയല്ല, ഒരു കലയാക്കി മാറ്റി ‘ദി ബ്യൂട്ടിഫുൾ ഗെയിം’ എന്ന് ലോകം അതിനെ വിളിച്ചു.

“ഫുട്ബോൾ ദൈവത്തെ ഒരു മനുഷ്യരൂപത്തിൽ അവതരിപ്പിക്കാൻ ആഗ്രഹിച്ചിരുന്നെങ്കിൽ അത് പെലെയായിരിക്കും.”

— എറിക് കന്റോണ

പെലെയുടെ അമാനുഷിക മികവിന് മുന്നിൽ ലോകം ഒന്നടങ്കം ശിരസ്സ് നമിച്ചു. 1970 ഫൈനലിൽ അദ്ദേഹത്തെ മാർക്ക് ചെയ്ത ഇറ്റാലിയൻ ഡിഫെൻഡർ ടാർസിസിയോ ബുർഗ്നിച്, ഹംഗേറിയൻ താരം ഫെറങ്ക് പുഷ്കാസ്, ഡച്ച് മാന്ത്രികൻ യൊഹാൻ ക്രൈഫ്, ലോക ബോക്സിംഗ് ഇതിഹാസം മുഹമ്മദ് അലി എന്നിവരടക്കം ലോകം അദ്ദേഹത്തെ വാഴ്ത്തി.

ഒരു രാജ്യത്തിന്റെ ആത്മാഭിമാനത്തെ ലോകത്തിന് മുന്നിൽ പ്രതിഷ്ഠിച്ച, പത്താം നമ്പർ ജേഴ്സിക്ക് ആഗോളതലത്തിൽ വിലാസമുണ്ടാക്കിക്കൊടുത്ത ഇതിഹാസം. താരങ്ങൾ ഇനിയും വരും, റെക്കോർഡുകൾ പഴങ്കഥയാകും, എന്നാൽ ഫുട്ബോളിന്റെ സിംഹാസനത്തിൽ ‘ഒ റെയ്’ അഥവാ രാജാവായി പെലെ എന്ന പേര് അനശ്വരമായി നിലനിൽക്കും. കാരണം, ഫുട്ബോൾ ഉള്ളിടത്തോളം കാലം പെലെ ജീവിക്കും.

Content Highlight

Explore the legendary journey of Pelé, the only player to win three World Cups, whose extraordinary skills and unyielding dedication transformed football into ‘The Beautiful Game.’

Leave a Reply

Your email address will not be published. Required fields are marked *